2/15/2014

നവോഥാന നഗർ നല്കിയത്

ഐതിഹാസിക സമ്മേളനത്തിന് സാക്ഷിയായി, നിറഞ്ഞ മനസ്സോടെ,  നല്ല ഒര്മ്മകളോടെ, ഹൃദയമറിഞ്ഞ   പ്രാർഥനയോടെ ഇന്നലെ സലാലയിൽ തിരിച്ചെത്തി..കേവലം ആവേശതിമിര്പ്പോ, നേരമ്പോക്കോ, ജയഭേരി മുഴക്കലൊ ഒന്നുമായിരുന്നില്ല നവോഥാന നഗർ നല്കിയത്. മഹത്തായ ആദർശത്തിൽ കണ്ണിചേര്ന്ന ലക്ഷങ്ങൾ ആദര്ശത്തിന്റെ വിശുദ്ധി അനുഭവിച്ചറിയുകയായിരുന്നു. ഈ ആദര്ശത്തിന്റെ പ്രയോക്താക്കളാകുമെന്ന് പിന്നെയും പ്രതിജ്ഞ എടുക്കുകയായിരുന്നു. ആരോടും വൈരമില്ലാത്ത വിദ്വേഷമില്ലാത്ത,  എല്ലാവര്ക്കും അഭയവും ആശ്വാസവുമാകുന്ന 'മക്കാ ഫതഹ്' പോലത്തെ മനസ്സ് കൊണ്ട് ആദര്ശ തിളക്കം പരിസരങ്ങൽക്കു നല്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതെ, ഇസ്ലാമിക ആദര്ശത്തിന്റെ പൂര്ണത അവകാശപ്പെടാവുന്ന ഒരേയൊരു പ്രസ്ഥാനം ഇതാണെന്ന തിരിച്ചറിവിലൂടെ തുടര്ന്നുള്ള ദൌത്യം കൂടുതൽ സമ്പന്നമാക്കാൻ തയ്യാറെടുക്കുകയായിരുന്നു...11/03/2013

പ്രാര്‍ഥനയോടെ..

എല്ലാവര്ക്കും ദൈവത്തിന്ടെ രക്ഷയുണ്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ..
സലാലകാഴ്ചകള്‍ എന്ന പേരില്‍ ഒരു ബ്ലോഗുണ്ടായിരുന്നു. വേണ്ടവിധം അത് കയ്യാളാനായില്ല.. തുടര്‍ന്ന് കൊണ്ടുപോകാന്‍ പുതിയൊരു ടൈറ്റില്‍ .. ഇത്തിരിനേരം ..ചിലവഴിച്ചുപോകുന്ന ഒട്ടേറെ സമയങ്ങളില്‍ ഒരല്പനേരം ഇത് വായിക്കാന്‍ ... വായിച്ചാല്‍ വല്ലതും ലഭിക്കും എന്ന പ്രതിക്ഷയോടെ ലഭിക്കണം എന്ന ഉദ്ദേശ്യത്തോടെ .. നിങ്ങള്ക്ക് മുപില്‍...

ഇന്ന് മാര്ച് ൩൧ . നാളെ ഏപ്രില്‍ ഒന്ന് .. ഏപ്രില്‍ ഒന്ന് , കളവു പറയാനും പറ്റിക്കാനും ഒരു ദിവസം .. കളവിന് നിരാക്ഷേപം എന്നും വെറും തമാശക്ക് എന്നും വിശദികരണം ഉണ്ടാവുന്നു..ഇതാരാണ് തിരുമാനിച്ചത്.. സത്യസന്ധതയോടെ കാര്യങ്ങള്‍ കയ്യാളുന്നവര്‍ക്ക്‌ ഇത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല... കളവാണ് യഥാര്‍ത്ഥത്തില്‍ മറ്റെല്ലാ തെറ്റുകള്‍ക്കും പ്രചോദനമാവുന്നത്... ഇന്ന തമാശക്ക് വേണ്ടി പറയുന്നത് നാളെ കാര്യത്തിനുവേണ്ടി പറയില്ലെന്ന് എങ്ങിനെ ഉറപ്പിക്കാനാവും ?
രാസായുധം ഉണ്ടെന്നു പറഞ്ഞു ഒരു രാജ്യത്തെ ചിന്നഭിന്നമാക്കുകയും രാഷ്ട്രനായകനെ കൊന്നൊടുക്കുകയും ചെയ്തു വളരെ പിന്നിടുമുംപ് രാസായുധം ഉണ്ടെന്നു തെറ്റിധരിച്ചതായിരുന്നു വെന്ന് വിഡ്ഢിച്ചിരിയോടെ പറയുന്ന ലോക പോളിസുകാരെപ്പോലെ ആവേണ്ടതില്ല നാം. ആവരുത് നാം.. കളവി ലുടെയാണ് ഇത്തരം തോന്യാസങ്ങള്‍ വന്‍ സ്രാവുകള്‍ നടത്തുന്നത്...

കുറുപ്പ്-ശ്വേത വിവാദം ചില ചിന്തകൾ


കുറുപ്പ്-ശ്വേത വിവാദം ചില ചിന്തകൾ
==========================
കുറുപ്പ് തൊട്ടതും തോണ്ടിയതും അപമാനകരമായി അനുഭവപ്പെട്ട ശ്വേത, തിക്കിലും തിരക്കിലും അറിഞ്ഞോ അറിയാതെയോ സംഭാവിക്കാവുന്നതിനെ വികാര തീവ്രതയോടെ പുറത്തു കൊണ്ടുവന്നതിലെ ഉദ്ദേശ്യശുദ്ധി ആരെങ്കിലും സംശയിച്ചാൽ അതൊരു തെറ്റാണോ..? പരാതിയുമായി ശ്വേത വരുന്നത് നാലഞ്ചു മണിക്കൂറിനു ശേഷമാണ്. വളരെ പ്രയാസത്തോടെയാണ് പരാതി പറയുന്നതും. വള്ളം കളി തുടങ്ങും മുമ്പേ വാഹനത്തിൽ നിന്നുതന്നെ പീഡനം തുടങ്ങിയെങ്കിലും നാം ചാനലിൽ കണ്ട ശ്വേത വള്ളംകളി പരിപാടിയിൽ ആടിയും പാടിയും ചിരിച്ചും ശ്രോതാക്കളെ ആസ്വദിപ്പിക്കുന്നതാണ്. മാത്രമല്ല സാക്ഷാൽ കുറുപ്പിന്റെ അടുത്ത് തന്നെ നിലയുറപ്പിക്കുകയും അദ്ദേഹവുമായി സല്ലപിക്കുകയും ചെയ്യുന്നുണ്ട്താനും!! (പീഡനം ആവർത്തിക്കപ്പെടുന്ന  സാഹചര്യത്തിൽ നന്നേ ചുരുങ്ങിയത് കുറുപ്പിന്റെ അടുത്ത് നിന്നും മാറി നില്ക്കാനെങ്കിലും ശ്രമിക്കാമായിരുന്നു ) പീഡനം സഹിച്ച മുഖഭാവമായിരുന്നില്ല അപ്പോൾ ശ്വേതക്ക്. ഇതൊക്കെ കഴിഞ്ഞു നാലഞ്ചു മണിക്കൂറിനു ശേഷം അനുഭവപ്പെട്ട അപമാനത്തിനു കാരണം എന്താണ്..?
കലയുടെ പേരിൽ  കാശ് ലഭിച്ചാൽ എന്തൊക്കെ അഭിനയിക്കാൻ കഴിയുമെന്നു ശ്വേത ഇതിനകം തെളിയിച്ചു കഴിഞ്ഞതാണല്ലോ.  പവിത്രമായ മാതൃത്വം കലയുടെയോ, അഭിനയതിന്റെയോ, കാശിന്റെയോ മുന്നിൽ ഒന്നുമല്ലെന്ന് അവർ തെളിയിച്ചു. മേനി പ്രദർശനത്തിലൂടെ സ്ത്രീത്വം പവിത്രമല്ലെന്നും തെളിയിച്ചു. കാശ് കിട്ടുകയാണെങ്കിൽ അവതാരകയായിവന്ന് ഭാര്യമാരെ സാക്ഷികളാക്കി അവരുടെ ഭർത്താക്കന്മാരെ കെട്ടിപ്പിടിക്കാൻ വരെ തയ്യാറാണെന്നും അവർ തെളിയിച്ചു. കാശ് മുന്നിലുണ്ടെങ്കിൽ തൊടലും തോണ്ടലും അപമാനവും അഭിമാനവുമൊക്കെയാക്കി മാറ്റാൻ കലയെയോ അഭിനയത്തെയോ കൂട്ടുപിടിച്ചാൽ മതിയെന്ന് സംശയിച്ചാൽ കുറ്റം പറയാമോ?
ഈ വിവാദം കേട്ട മാത്രയിൽ  പ്രതിഷേധ സമരവുമായി വന്ന കുട്ടി സഖാക്കളുടെ ആവേശം രസകരമായിരുന്നു.
ഈ കുട്ടികൾ ചിരിപ്പിച്ച് കൊല്ലും കേട്ടോ... ഇത്തരം നെറികേടുകൾക്ക് ഉദാഹരിക്കാൻ ആഴ്ചയിൽ ഒന്നെന്ന തോതിൽ പ്രാദേശിക, സംസ്ഥാന  സഖാക്കളുടെ വാർത്തകൾ വരുന്നതൊന്നും പാവങ്ങൾ കാണുന്നില്ല... ഇനി നാളെ ഇവരാൽ സ്ത്രീത്വത്തിന്റെ അവതാരമായി ശ്വേത വാഴ്ത്തപ്പെടുകയും കുറുപ്പിനെതിരെയോ മറ്റോ ഒരു സ്ഥാനാര്തിയായി വരുകയും ചെയ്തുകൂടായ്കയില്ല. ഏതായാലും 'വളരെ വളരെ പണ്ട്'  കുട്ടിനേതാവ് സ്ത്രീത്വത്തിന്റെ പേരിൽ വാവിട്ട് കരഞ്ഞതുപോലെ കുട്ടികൾ കരയാഞ്ഞത് മഹാ ഭാഗ്യം.
കുട്ടിസഖാക്കളെ വെല്ലും വിധം കുറുപ്പിനെതിരെ ആക്രോശവുമായി വന്ന മുരളിയും പെങ്ങളും ഉണ്ണിത്താനും ഈ വിവാദത്തിൽ ഏറെ സന്തോഷിക്കുന്നവരാണെന്നു വളരെ വേഗം തിരിച്ചറിയാനായി. ഇനി അറിയേണ്ടത് കുറുപ്പിന്റെ സീറ്റിൽ മുരളിയോ പെങ്ങളോ അതോ ഉണ്ണിത്താനോ മത്സരിക്കുക എന്നതാണ്. ഒരു സീറ്റ് ഒഴിപ്പിച്ച് പിടിച്ചെടുക്കാൻ എന്ത് നെറികേടും വിളിച്ചു പറയാനും ഏതു നേതാവിനെയും കൊച്ചാക്കാനും ചിലര്ക്കെങ്കിലും കഴിയുമെന്നതാണല്ലൊ മലയാള രാഷ്ട്രീയത്തിന്റെ പ്രത്യേകത. പ്രത്യേകിച്ചും കാലുമാറ്റ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും ഉദാഹരണമായ സാക്ഷാൽ മുരളിധരൻ ഇത്തരത്തിൽ കുറെ പാഠങ്ങൾ മലയാളിക്ക് നല്കിയതാണല്ലോ. മന്ത്രിക്കുപ്പയത്തിനും സ്ഥാനമാനങ്ങല്ക്കും വേണ്ടി പ്രസ്ഥാനത്തെയും പിതാവിനെയും വരെ ഒറ്റു കൊടുക്കുകയും ചാടിച്ചാടി നാറ്റ കുഴിയിൽ വീഴുകയും ചെയ്ത മുരളി വാ തുറക്കുമ്പോൾ കാതു മാത്രമല്ല കണ്ണും മൂക്കും കൂടി പൊത്തി കൊണ്ടിരിക്കുകയാണ് കുറച്ചു നാളുകളായി മലയാളികൾ. മുഖ്യമന്ത്രി അക്രമിക്കപ്പെട്ടപ്പോൾ വായക്ക് വാതം പിടിപെട്ട മുരളി, കുറുപ്പിനെ തോന്ടിയിട്ടാൽ കിട്ടുന്നത് ഒരു കേന്ദ്ര സീറ്റായതിനാൽ വാതം ചികിത്സിക്കാതെ തന്നെ മാറ്റിയെടുത്തു.
ആരെ വെട്ടിവീഴ്ത്തിയാലും അപമാനിതനാക്കിയാലും സത്യമുണ്ടോ എന്നതിന് പകരം ശ്രോതാക്കളെ ഹരം കൊള്ളിച്ചു വീര്ത്ത് കൊഴുക്കാനാവുമെങ്കിൽ അത് മതി തങ്ങള്ക്ക് എന്ന് ഒരിക്കൽ കൂടി ചാനൽ തെളിയിച്ചു.
    ഈ  വിവാദം തീരുന്നില്ല. പാർലിമെന്റ്  ഇലക് ഷൻ കഴിയുവോളം അതങ്ങനെ പുകയും. ശ്വേത പുതിയ നായികയായി അവരോധിക്കപ്പെടും. കുറുപ്പിന്റെ കാര്യം ഇനി കണ്ടറിയാം.
   വിവാദങ്ങളും അപവാദങ്ങളും ചിലരെ ഉയര്തിയും ചിലരെ തളര്തിയും പുതിയ സംസ്കാരമായി, സംസ്കൃതിയെ  തമസ്കരിച്ച് അഭംഗുരം തുടരുകയും ചെയ്യും.
(ഈ ചിന്ത ഒരിക്കലും സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ന്യായീകരിക്കുന്നതല്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന സമീപനം ഏതു കടൽ കിഴവൻ ചെയ്താലും അയാൾ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം. തുല്യതയോടെ പുരുഷനെയും കാണണം)
     

6/15/2013

മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ? ഡോ. ഹുസൈൻ മടവൂർ

മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ?

                                                                                        ഡോ. ഹുസൈൻ മടവൂർ

                          വിശുദ്ധ മക്കയിൽ വെച്ചാണിതെഴുതുന്നത്. മസ്ജിദുൽ ഹറാമിൽ സുബഹി നമസ്കാരം കഴിഞ്ഞ് റൂമിലെത്തിയപ്പോൾ ആദ്യം ലഭിച്ച വിവരം പ്രമുഖ പണ്ഡിതൻ പി കെ അഹമ്മദലി മദനിയുടെ മരണവാർത്തയായിരുന്നു. ഉടൻ തന്നെ മദനിയുടെ മകൻ സുഹൈലിനെ വിളിച്ച് തഅ്സിയത്ത് അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അബ്ദുറഹിമാൻ അൻസാരിയുടെ വിയോഗം മൂലമുണ്ടായ വേദനകൾ മാറുന്നതിനു മുമ്പാണ് പ്രസ്ഥാന പ്രവർത്തകർക്ക് ഈ മരണവാർത്തയും കേൾക്കേണ്ടി വന്നത്. ഈ വിയോഗങ്ങളിൽ ഒരു അനുസ്മരണക്കുറിപ്പായല്ല ഈ വരികൾ എഴുതുന്നത്‌. മറിച്ച് പൂവണിയാത്ത ചില സ്വപ്‌നങ്ങൾ ബാക്കി വെച്ച് കൊണ്ടല്ലേ അവർ നമ്മെ വിട്ടുപോയത് എന്ന സങ്കടം സുമനുസ്സുകളുമായി പങ്ക് വെക്കുകയാണ്.
                        അഹമ്മദലി മദനി എന്നോട് അവസാനമായി പറഞ്ഞ ഒരു വാചകമുണ്ട് "ഇൻശാ അല്ലാഹ്, എല്ലാം ശരിയാവും. മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവും". അദ്ദേഹത്തിന്റെ മരണവാർത്തയെത്തിയപ്പോൾ ആ വാക്കുകൾ എന്റെ മനസ്സിൽ വല്ലാതെ പ്രകമ്പനം കൊള്ളുന്നതായി തോന്നി. ആ വാക്കുകളുടെ വികാരതീവ്രത എനിക്ക് ചുറ്റും തരംഗമുയർത്തുന്നതായി അനുഭവപ്പെട്ടു. മുജാഹിദ് പ്രസ്ഥാനം രണ്ടായ ശേഷം ഞങ്ങൾ കണ്ടുമുട്ടാറുള്ളത് മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗങ്ങളിലും വിവാഹ സദസ്സുകളിലും മരണ വീടുകളിലും തീവണ്ടി യാത്രകളിലുമാണ്. എന്നോടദ്ദേഹം അറബിയിൽ സംസാരിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. "യാ ശൈഖ്, കൈഫൽ ഹാൽ " എന്ന് പറഞ്ഞു കൊണ്ടാണ് സംസാരം തുടങ്ങുക. രണ്ടു മാസം മുമ്പാണ് ഞങ്ങൾ അവസാനമായി കണ്ടത്. അന്നാണദ്ദേഹത്തിന്റെ മനസ്സിനുള്ളിലെ ആഗ്രഹം വാക്കുകളായി പുറത്തേക്ക് വന്നത്. പക്ഷേ ആ ആഗ്രഹം ബാക്കി വെച്ചേച്ചു കൊണ്ടാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. പിറകെ നമ്മളും പോവാനിരിക്കുന്നു.
                       പത്തു വർഷത്തിലധികമായി മുജാഹിദ് പ്രസ്ഥാനം രണ്ടാണ്. അതൊന്നാകുമെന്നാണ് മദനി പറഞ്ഞത്. പിളർപ്പിലെക്കേത്തിച്ച കാരണങ്ങൾ പലതാണ്. അവയെക്കുറിച്ചുള്ള ചർച്ചയോ വിശകലനമോ ഇവിടെ പ്രസക്തമല്ല. സ്വാഭാവികമായും അതിന് പല ഭാഷ്യങ്ങളുണ്ടാകും. തെറ്റുകളും തെറ്റിദ്ധാരണകളുമുണ്ടായിട്ടുണ്ട്. ചർച്ച ചെയ്യുന്തോറും ചെറിയ മുറിവുകൾ പോലും ആഴത്തിലുള്ള വൃണമായി മാറുന്ന കാഴ്ചയാണ് കണ്ടത്. അതിനാൽ അത്തരം ചർച്ചകൾ ഭാവിയിലും ഗുണത്തിലേറെ ദോഷം മാത്രമേ ചെയ്യുകയുള്ളൂ. ആലോചിക്കേണ്ടത് ഈ സംഘടനക്കും സമുദായത്തിനും ഗുണപരമായ ഒരൈക്യത്തിന്റെ സാധ്യതകളെക്കുറിച്ചാണ്. ഒട്ടും മുൻവിധികകളോ ഔപചാരികതകളോയില്ലാതെ എന്റെ മനസ്സിൽ കടന്നു വന്ന ചില കാര്യങ്ങൾ കുറിക്കണം എന്ന് തോന്നിയതും അതുകൊണ്ടാണ്.
                      കെ എൻ ഇബ്രാഹിം മൗലവി, എ വി അബ്ദുറഹിമാൻ ഹാജി, കെ കെ മുഹമ്മദ്‌ സുല്ലമി, എൻ കെ അഹമ്മദ് മൗലവി, അലി അബ്ദുറസാഖ് മൗലവി, അമ്മാങ്കോത്ത് അബൂബക്കർ മൗലവി, എൻ പി അബ്ദുൽ ഖാദർ മൗലവി, പ്രൊഫസർ മങ്കട അബ്ദുൽ അസീസ്‌ മൗലവി, അബൂബക്കർ കാരക്കുന്ന്, പി സി അഹമ്മദ് ഹാജി, സി അബ്ദുള്ള ഹാജി, പി പി ഹുസൈൻ ഹാജി തുടങ്ങിയ നമ്മുടെ എത്രയെത്ര നേതാക്കളും പണ്ഡിതൻമാരുമാണ് കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ നമ്മെ വിട്ടു പിരിഞ്ഞു പോയത്. ഇവരിൽ പലരും സംഘടനയിൽ പുനരൈക്യമുണ്ടാകണമെന്ന് ആഗ്രഹിച്ചവരും ആ ആഗ്രഹം പ്രകടിപ്പിച്ചവരും അതിനായി പ്രവർത്തിച്ചവരുമാണ്. പക്ഷേ ആ സന്തോഷ വാർത്ത കേൾക്കാൻ അവർക്കാർക്കും ഭാഗ്യമുണ്ടായില്ല. കെ ഉമർ മൗലവി, കെ പി മുഹമ്മദ്‌ മൗലവി, ഡോ. ഉസ്മാൻ സാഹിബ് തുടങ്ങിയവരുടെ അവസാന കാലത്തുണ്ടായ സംഘടന പ്രശ്നങ്ങളിൽ അവർ അനുഭവിച്ച പ്രയാസങ്ങൾ ഞാനുമായി പങ്കു വെച്ചിട്ടുണ്ട്. ഉമ്മർ മൗലവി അത്യാസന്ന നിലയിലായിരുന്നപ്പോൾ ഞാനും മുഹമ്മദ്‌ കുട്ടശ്ശേരി മൗലവിയും പ്രൊഫ. പി അബ്ദുറഹിമാൻ സാഹിബും അദ്ദേഹത്തെ കാണാൻ ചെന്നു. മൗലവിയുടെ മകൻ മുബാറക് ഞാനുമായി മൗലവിക്കുണ്ടായ ചില തെറ്റിദ്ധാരണകൾ തിരുത്താനായി സംസാരം തുടങ്ങി. മൗലവി പറഞ്ഞു. "അതെല്ലാം വിട്, അതൊന്നും ഇനി പറയേണ്ട. എനിക്കെല്ലാം മനസ്സിലായി. എന്റെ മനസ്സിൽ ഇനിയൊന്നുമില്ല". എന്നെ മാറോടു ചേർത്തു പിടിച്ച് അല്ലാഹു ബർക്കത്താക്കട്ടെ എന്ന് പറഞ്ഞ് ചുംബനം തന്നാണ് മൗലവി എന്നെ യാത്രയാക്കിയത്.
                      ഇരുവിഭാഗത്തിലെയും പണ്ഡിതൻമാരും നേതാക്കളും പ്രവർത്തകരും രോഗികളാവുമ്പോഴും മരണപ്പെടുമ്പോഴും ഗ്രൂപ്പ് നോക്കാതെ നാം ഓടിയെത്തുന്നതും പ്രാർത്ഥിക്കുന്നതും മയ്യിത്ത് നമസ്കരിക്കുന്നതും പരസ്പരം കാത്തു സൂക്ഷിക്കുന്ന ഇഷ്ടവും ബഹുമാനവും കൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ഉമ്മ മരിച്ച വിവരമറിഞ്ഞ് ആദരണീയനായ എ പി അബ്ദുൽ ഖാദർ മൗലവി സുഖമില്ലാത്ത സമയത്ത് വളരെ പ്രയാസപ്പെട്ടാണ് എന്റെ വീട്ടിലെത്തിയത്. ഒരു മണിക്കൂറിലേറെ വീടിന്റെ കോലായയിൽ പ്രൌഡിയോടെ മൗലവി ഇരിക്കുകയും ആളുകളോട് സംസാരിക്കുകയും ചെയ്തപ്പോൾ ബാപ്പ മരിച്ചു പോയ എനിക്ക് ഒരു ബാപ്പയുണ്ടവിടെ എന്നാണനുഭവപ്പെട്ടത്‌.
                    എ പി അബ്ദുൽ ഖാദർ മൗലവി, സി പി ഉമർ സുല്ലമി, ഡോ . ഇ കെ അഹമ്മദ് കുട്ടി, ടി പി അബ്ദുല്ലക്കോയ മദനി, കരുവള്ളി മുഹമ്മദ്‌ മൗലവി, ഹൈദർ മൗലവി മുട്ടിൽ, അബ്ദുൽ ഹമീദ് മദീനി, മുഹമ്മദ്‌ കുട്ടശ്ശേരി, എം മുഹമ്മദ്‌ മദനി, പി കെ അഹമ്മദ് സാഹിബ്, അഡ്വ. പി എം മുഹമ്മദ്‌ കുട്ടി, ബാബു സേട്ട്, പി വി ഹസ്സൻ ഹാജി, പി പി അബ്ദുറഹിമാൻ മാസ്റ്റർ, പാലത്ത് അബ്ദുറഹിമാൻ മദനി, അബൂബക്കർ ഹാജി പുതിയങ്ങാടി, വി കെ മൊയ്തു ഹാജി, എൻ വി അബ്ദുറഹിമാൻ തുടങ്ങി ഇരുപക്ഷത്തെയും പ്രമുഖരെല്ലാം എല്ലാ അർത്ഥത്തിലും മുതിർന്ന പൌരന്മാരാണ്. ഇവരെയെല്ലാം ഞാൻ പലപ്പോഴും കാണാറുണ്ട്‌. അവർ തമ്മിൽ തമ്മിലും കാണാറുണ്ട്‌. അറുപതും എഴുപതും വയസ്സ് കഴിഞ്ഞ അവരും പറയാറുണ്ട്‌ ഇൻശാ അല്ലാഹ് എല്ലാം ശരിയാവുമെന്ന്. പക്ഷെ ശരിയാവുമ്പോഴേക്ക് നമ്മളുണ്ടാകുമോ എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. മരണവും പരലോകവും സത്യമാണെന്ന് വിശ്വസിക്കുന്ന നമുക്ക് ഇനി നീട്ടിവെക്കാൻ സമയമില്ല.
                        കൂരിരുട്ടിൽ എവിടെയോ ദൃശ്യമാകുന്ന ചില പ്രകാശ കിരണങ്ങൾ നമ്മെ സന്തോഷിപ്പിക്കുന്നുണ്ട്. പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരുടെയുള്ളിൽ സന്തോഷം പകരുന്നതായിരുന്നു ഈയിടെ അരീക്കോട് നടന്ന പരിപാടി. നോട്ടീസും പ്രചരണവും പരിപാടിയും കണ്ടവർക്ക് മുജാഹിദ് പ്രസ്ഥാനം പിളർന്നിട്ടില്ലെന്നു തോന്നുന്ന വിധമായിരുന്നു അതിന്റെ സംഘാടനം. ഇരുപക്ഷത്തു നിന്നുമായി ഓരോ പണ്ഡിതൻമാർ ഒരേ വേദിയിൽ പ്രഭാഷണം നടത്തുന്ന മൂന്നു ദിവസത്തെ പരിപാടിയായിരുന്നു അത്. എൻ വി അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തിലുണ്ടായ ജംഇയ്യത്തുൽ മുജാഹിദീൻ ആണല്ലോ നദ് വത്തുൽ മുജാഹിദീൻ എന്ന പേരിന്റെ സ്രോതസ്സ്. ജംഇയ്യത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്‌ എൻ വി സകരിയ്യ മൗലവിയുടെ ശ്രമങ്ങൾ മൂലം പ്രസ്ഥാനത്തിൽ ഐക്യത്തിന്റെ വിത്ത്‌ പാകാൻ കഴിഞ്ഞാൽ അതൊരു ചരിത്ര സംഭവമാകുമെന്നുറപ്പാണ്.
                   പിളർപ്പിൽ വേദന പൂണ്ട് ഇരുപക്ഷത്തും സജീവമാകാതെ നില്ക്കുന്ന നിസ്വാർത്ഥരായ മുജാഹിദ് പ്രവർത്തകന്മാർ ഉയർത്താറുള്ള ചില ചോദ്യങ്ങളുണ്ട്. അരീക്കോട് വെച്ച് രണ്ടു കൂട്ടർക്കും ഒന്നിച്ച് പരിപാടി നടത്താം. കടലുണ്ടിയിലും കാരക്കുന്നത്തും വടകരയിലും കടവത്തൂരിലും പുളിക്കലും രണ്ടത്താണിയിലും തിരൂരിലും മറ്റു പല മഹല്ലുകളിലും ഒന്നിച്ചു പ്രവർത്തിക്കാം. എറണാകുളത്ത് ബാബു സേട്ട് പ്രസിഡന്റായുള്ള പള്ളിയിൽ സലാഹുദ്ധീൻ മദനിയാണ് ഖത്തീബ്. പി കെ അഹമ്മദ് സാഹിബ് പ്രസിഡന്റായുള്ള നടക്കാവ് പള്ളിയിൽ ബഷീർ പട്ടേൽതാഴമാണ് ഖത്തീബ്. ടി പി അബ്ദുല്ലക്കോയ മദനിയുടെ കടലുണ്ടി പള്ളിയിൽ വർഷത്തിൽ ആറു മാസം അലി മദനിയാണ് ഖത്തീബ്. കോഴിക്കോടുൾപ്പെടെ ഇരുവിഭാഗവും സംയുക്തമായി ഈദ് ഗാഹുകൾ നടത്തുന്നുണ്ട്. ഇവിടെയെല്ലാം ഒന്നിച്ചു പ്രവർത്തിക്കാമെങ്കിൽ അത് എല്ലാ നാട്ടിലും സംസ്ഥാന തലത്തിലും വ്യാപിപ്പിക്കാൻ എന്താണ് നിങ്ങൾക്ക് തടസ്സം?. ചോദ്യത്തിനുത്തരം പറയേണ്ടത് ഞാനടക്കമുള്ള ഭാരവാഹികളാണ്.
                    റൌസത്തുൽ ഉലൂം അറബിക്കോളേജിലെ ഒരു പരിപാടിയിൽ ഞാനും എ പി അബ്ദുൽ ഖാദർ മൗലവിയും ഒന്നിച്ചിരുന്നു സംസാരിക്കുന്ന ചിത്രം ഇന്റർനെറ്റിലൂടെ പ്രചരിച്ചപ്പോൾ അതിനുണ്ടായ പ്രതികരണങ്ങൾ മുജാഹിദ് പ്രവർത്തകരുടെ ഹൃദയ വികാരം വിളിച്ചോതുന്നതായിരുന്നു. ഒരു പുസ്തക പ്രകാശന വേളയിൽ ഞാനും ടി പി അബ്ദുല്ലക്കോയ മദനിയും ഒപ്പമിരുന്ന് സംസാരിക്കുന്നത് ഒരപൂർവ ദൃശ്യം കണക്കെ ചിലർ കാമറയിൽ പകർത്തുന്നത് കണ്ടു. അപ്പോൾ ടി പി അവരോടു പറഞ്ഞത് 'ഇതിൽ പുതുമയില്ല, ഞങ്ങളിങ്ങനെ പലപ്പോഴും കൂടിയിരിക്കാറുണ്ട്' എന്നാണ്. മുഹമ്മദ്‌ കുട്ടശ്ശേരി മൗലവിയുടെ ഇസ്ലാമിക ചരിത്ര പുസ്തക പ്രകാശന ചടങ്ങിൽ മൗലവിയുടെ പാണ്ഡിത്യത്തെയും ജീവിത മാതൃകയെയും കുറിച്ച് ഏറ്റവും കൂടുതൽ മനസ്സിൽ തട്ടി സംസാരിച്ചത് പി കെ അഹമ്മദ് സാഹിബായിരുന്നു. മൗലവിയോട് അഹമ്മദ് സാഹിബ് വെച്ചു പുലർത്തുന്ന ആദരവിന്റെ അടയാളമെന്നോണം പ്രസ്തുത പുസ്തകത്തിന്റെ നിരവധി കോപ്പികൾ അദ്ദേഹം സ്പോൻസർ ചെയ്തു വിതരണം ചെയ്യുകയുമുണ്ടായി.
                   മുജാഹിദ് സംഘടനകളുടെ ഐക്യ ദൗത്യവുമായി മക്കയിലെ റാബിത്തത്തുൽ ആലമിൽ ഇസ്ലാമിയുടെ സെക്രട്ടറി ശൈഖ് മുഹമ്മദ്‌ നാസിർ അബൂദി കോഴിക്കോട് വന്നു ഇരുവിഭാഗവുമായും ചർച്ച നടത്തിയിരുന്നു. മുസ്‌ലിം ലീഗിന് മുജാഹിദ് പിളർപ്പ് മൂലം വലിയ വിഷമമാണുണ്ടായതെന്ന് മുഹമ്മദലി ശിഹാബ് തങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. ലീഗ് പിളർന്നത് പോലെയാണ് പ്രശ്നങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്. ശിഹാബ് തങ്ങളുടെ നിർദ്ദേശമനുസരിച്ച് കുഞ്ഞാലിക്കുട്ടി സാഹിബ് പല തവണ ഐക്യ ശ്രമങ്ങൾ നടത്തിയിരുന്നു. പിന്നീട് ഹൈദരലി തങ്ങളുടെ താത്പര്യപ്രകാരം ഇ ടി മുഹമ്മദ്‌ ബശീർ സാഹിബും കെ പി എ മജീദ്‌ സാഹിബും ശ്രമം തുടരുന്നു. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. സെയ്താലിക്കുട്ടി, അംഗങ്ങളായ എം സി മായിൻ ഹാജി, പി വി സൈനുദ്ദീൻ, പി പി അബ്ദുറഹിമാൻ പെരിങ്ങാടി എന്നിവരുടെ ശ്രമങ്ങളും അവസാനിപ്പിച്ചിട്ടില്ല. വ്യവസായ പ്രമുഖരായ പി വി അബ്ദുൽ വഹാബ്, ഗൾഫാർ മുഹമ്മദലി, എം എ യൂസഫ്‌ അലി, കെ വി കുഞ്ഞമ്മദ് കോയ, സി പി കുഞ്ഞിമുഹമ്മദ്‌ തുടങ്ങിയ സൗഹൃദ വേദി നേതാക്കൾ പല തവണ ഈ വിഷയം ചർച്ച ചെയ്തതാണ്. ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, എളമരം കരീം, ബിനോയ്‌ വിശ്വം, വീരേന്ദ്ര കുമാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഒരു പുരോഗമന പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനത്തെ ഒന്നിപ്പിക്കാൻ തങ്ങളാലാവുന്നത് ചെയ്യാൻ തയ്യാറാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഒന്നാവുന്നില്ലേ, ഞങ്ങൾ പഴയ മുജാഹിദുകൾക്ക് ചിലത് ചെയ്യേണ്ടി വരുമെന്ന സ്നേഹ ശാസനയുമായി സീതി ഹാജിയുടെ മകൻ പി കെ ബഷീർ എം എൽ എ യും രംഗത്തുണ്ട്.
                     ചെറിയമുണ്ടം അബ്ദുൽ ഹമീദ് മൗലവി പറയുകയും എഴുതുകയും ചെയ്യുന്ന ഒരു ഫോർമുലയുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രധാന ആദർശം തൗഹീദ് ആണ്. തൗഹീദിൽ ആർക്കും ഒരു കുറവും വന്നിട്ടില്ല. ശിർക്ക് അല്ലാത്ത ഏതു പാപവും അല്ലാഹു അവൻ ഇഷ്ടപ്പെട്ടവർക്ക് പൊറുത്തു കൊടുക്കും. എങ്കിൽ ഈ ശിർക്കല്ലാത്ത തെറ്റുകുറ്റങ്ങൾ നമുക്ക് പരസ്പരം പൊറുത്തു കൂടേ. ചെയ്തു പോയ തെറ്റുകൾ പൊറുത്തു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന നാം തന്നെ നമ്മോടു ആരെങ്കിലും ചെയ്ത തെറ്റുകൾ പൊറുക്കില്ലെന്ന് പറയുന്നതിൽ എന്ത് ദീനാനുള്ളത്?. ഞാൻ മക്കയിൽ വെച്ചാണ് ഇതെഴുതുന്നത്. എന്നെ ഉപദ്രവിച്ചവരും അഭിമാനത്തിന് ക്ഷതമേൽപ്പിച്ചവരും യാത്ര മുടക്കിയവരും ഭീഷണിപ്പെടുത്തിയവരുമുണ്ട്. ഞാൻ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങൾ എന്റെ മേൽ ആരോപിച്ചവരുണ്ട്. അവർക്കെല്ലാം അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് ഞാൻ മാപ്പ് നല്കിയിരിക്കുന്നു. എന്റെ ഭാഗത്ത് നിന്ന് വല്ല തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ ബന്ധപ്പെട്ടവരോട് മാപ്പിരക്കുന്നു. ഈ പ്രസ്ഥാനം ഐക്യത്തോടെ മുന്നോട്ട് പോവുകാൻ എന്തൊക്കെ വിട്ടുവീഴ്ചകൾ ചെയ്യണമോ അവയൊക്കെയും വ്യക്തിപരമായി ചെയ്യുവാൻ ഞാൻ സന്നദ്ധനുമാണ്.
                   ഇക്കാര്യങ്ങൾ ഇപ്പോൾ പറയുന്നത് എന്റെ സംഘടനക്ക് എന്തെങ്കിലും ദുർബലതയോ ക്ഷീണമോ ഉള്ളത് കൊണ്ടാണെന്ന് ആരും ധരിക്കരുത്. അത്തരത്തിൽ യാതൊരു പ്രശ്നങ്ങളുമില്ല. ഞാൻ പ്രതിനിധാനം ചെയ്യുന്ന സംഘടന താഴെ മുതൽ മീതെ വരെ വളരെ ശക്തമാണ്. എല്ലാ ഘടകങ്ങളും വളരെ ശാസ്ത്രീയമായി സംഘടിപ്പിച്ചു കഴിഞ്ഞു. മാത്രമല്ല, സമ്പൂർണമായ ഐക്യത്തോടെയും ഒത്തൊരുമയോടെയും വ്യവസ്ഥാപിതമായി കാര്യങ്ങൾ മുന്നോട്ടു പോകുന്നുമുണ്ട്. അഖിലേന്ത്യാതലത്തിൽ ഇതിനകം തന്നെ വലിയ അംഗീകാരവും ആയിക്കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനങ്ങൾ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ക്രമാനുഗതമായി വ്യാപിച്ചു കൊണ്ടിരിക്കുന്നു. ആശാവഹമായ പ്രതികരണങ്ങളാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഞങ്ങളുടെ ഇസ്ലാഹി സെന്ററുകൾക്കു കൂടുതൽ സ്വീകാര്യതയും ഔദ്യോഗിക സ്വഭാവവും ഉണ്ടായിട്ടുണ്ട്. സ്ഥാപനങ്ങളും വേണ്ടത്ര ആയിക്കഴിഞ്ഞു. പണ്ഡിതൻമാരും പ്രവർത്തകരും ധാരാളം. ഭൗതിക വിഭവങ്ങളും സാമ്പത്തിക സ്രോതസ്സുകളും വർദ്ധിച്ചിട്ടുണ്ട്. എന്നാലും കാലഘട്ടത്തിന്റെ താത്പര്യവും ഇസ്ലാഹി ആദർശത്തിന്റെ ഭാവിയും ഓർത്തുകൊണ്ടാണ് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ ഇത്രയും പറയുന്നത്.
ഈ കുറിപ്പിന് എന്റെ പക്ഷത്തും മറുപക്ഷത്തും എന്ത് പ്രതികരണമുണ്ടാകുമെന്ന് അറിയില്ല. എന്റെ മനസ്സ് ഞാൻ തുറന്നു വെക്കുകയാണ്. സഹപ്രവർത്തകരും മറുപക്ഷത്തുള്ളവരും ആ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമെന്ന് വിശ്വസിക്കുന്നു. ഈ നിർദ്ദേശങ്ങൾക്ക് മറ്റൊരർത്ഥവും നല്കരുത് എന്ന് അഭ്യർത്ഥിക്കുകകയും ചെയ്യുന്നു. ചർച്ചകൾ പലത് നടന്നു. ഐക്യം മാത്രം നടന്നില്ല. കൂടുതൽ മദ്ധ്യസ്ഥന്മാരില്ലാതെ തന്നെ നമുക്ക് സ്വയം ഐക്യപ്പെടാൻ വഴി തേടുകയാണ് ഇനി വേണ്ടത് . ആര് ആരെ വിളിക്കണമെന്നതൊന്നും പ്രശ്നമല്ല. ഈ പ്രസ്ഥാനം ഏറ്റെടുത്ത ചരിത്ര ദൗത്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തി പകരാനും ഐക്യം പുന:സ്ഥാപിക്കാനും ആർക്കും പരസ്പരം വിളിക്കാം. സ്നേഹപൂർണമായ ഒരു ഔപചാരികത ആവശ്യമെന്നുണ്ടെങ്കിൽ എല്ലാവർക്കും സുസമ്മതരും മുജാഹിദ് പ്രസ്ഥാനത്തിൽ ദീർഘകാല പ്രവർത്തന പാരമ്പര്യവുമുള്ള പി കെ അഹമദ് സാഹിബോ പി വി അബ്ദുൽ വഹാബ് സാഹിബോ വിളിച്ചാൽ എല്ലാവരും വരുമെന്നാണെന്റെ വിശ്വാസം. ഇൻശാ അല്ലാഹ്, ഒരു പ്രശ്നവുമില്ല, മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവുമെന്ന അഹമ്മദലി മദനിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന സുദിനത്തിനായി നാം കാത്തിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
 (വർത്തമാനം ദിനപത്രം 2013 ജൂൺ 15)

1/30/2013

നന്ദിയുള്ള അടിമ

" അബ്ദുല്ലാഹ് ഇബ്നു ഉമൈര്‍(റ) പ്രവാചക പത്നി ആഇശ(റ) യുടെ അടുക്കല്‍ വന്ന് ചോദിച്ചു. റസൂല്‍ (സ)യോടൊപ്പമുള്ള ജീവിതത്തില്‍ അതിശയകരമായ അനുഭവങ്ങള്‍ ഏതൊക്കെയായിരുന്നു ?
ഇത് കേട്ട ആഇശ(റ) യുടെ കണ്ണുകള്‍ നിറഞ്ഞു. അല്‍പനേരം കഴിഞ്ഞ് അവര്‍ പറഞ്ഞു. പ്രവാചകനോടോപ്പമുള്ള ജീവിതത്തില്‍ എല്ലാം എന്നെ അതിശയിപ്പിച്ചവ തന്നെ. എന്നിട്ട് അവര്‍ ഒരനുഭവം പറഞ്ഞു.
ഒരു രാത്രിയില്‍ ഞങ്ങള്‍ ശയിച്ചു. ശേഷം പ്രവാചകന്‍ (സ) പറഞ്ഞു. ആഇശാ ഇനി ഞാന്‍ രക്ഷിതാവിന്റെ തൃപ്തി നേടട്ടെ. ആഇശ(റ) പറഞ്ഞു. അങ്ങയുടെ സാമീപ്യം ഞാന്‍ ഏറെ കൊതിക്കുന്ന സമയമാണിത്. എന്നാലും അങ്ങയുടെ ഇഷ്ടം പോലെയാവട്ടെ.
പ്രവാചകന്‍ (സ) ഒരു പാത്രത്തില്‍നിന്നും അംഗശുദ്ധി വരുത്തുകയും കുളിക്കുകയും ചെയ്തു. തുടര്‍ന്ന് നമസ്കരിച്ചു. നമസ്കാരത്തില്‍ അദ്ദേഹം കരയുകയാണ് റുകൂഇലും സുജൂദിലും കരയുകയാണ്. വീണ്ടും എഴുന്നെല്‍ക്കുന്നതും കരഞ്ഞുകൊണ്ടു തന്നെ. പ്രവാചകന്‍ (സ) പാരായണം ചെയ്യുന്നത് എനിക്ക് കേള്‍ക്കാം ' ഇന്നഫീ ഹല്ഖിസ്സമാവാത്തി വല്‍ അര്‌ള്...
അല്പം കഴിഞ്ഞ് ബിലാല്‍ (റ) ന്‍റെ ബാങ്കോലി കേട്ടു. ഞാന്‍ റസൂലിനോട് ചോദിച്ചു. കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളും പൊറുക്കപ്പെട്ട അങ്ങ് ഇങ്ങിനെ കരഞ്ഞു പ്രാര്തിക്കുന്നതെന്തിനു ?
പ്രവാചകന്‍ (സ) മറുപടി തന്നു. ഞാന്‍ നന്ദിയുള്ള അടിമയാവണ്ടെ ആഇശാ.. "
നന്ദിയുള്ള അടിമയാവാന്‍ ഞാന്‍ ഇനിയുമെത്രയോ എത്രയോ ഉയരേന്ടതുണ്ടല്ലോ റബ്ബേ !!!

8/30/2011

മഴയുടെ തലോടലില്‍ സലാല

മഴയുടെ തലോടലില്‍ സലാല: പെരുന്നാള്‍ കുളിരണിയിക്കും

ഗള്‍ഫ്‌ നാടുകള്‍ ചൂടില്‍ എരിപൊരി കൊള്ളുമ്പോള്‍ ഇങ്ങ് സലാല മഴക്കുളിരിലാണ്. രണ്ടു മാസത്തിലധികമായി പെയ്തുകൊണ്ടിരിക്കുന്ന മഴ ഇനി പെരുന്നാള്‍ കഴിഞ്ഞേ വിടപറയൂ.. അനുഗ്രഹമാസമായ റമളാന്‍ ധന്യമാക്കാന്‍ കൂട്ടിനു അനുഗ്രഹ മഴയും.. സലാല ഒരു മണവാട്ടിയായി പുഞ്ചിരിതൂകി നില്‍ക്കുന്നു. പ്രസസ്തമാണ് സലാലയിലെ ഖരീഫ്. ജൂലൈ ആഗസ്റ്റ്‌ മാസങ്ങള്‍ ആഘോഷമാസങ്ങലാണ് ഇവിടെ. ടൂറിസ്റ്റുകള്‍ സലാലയിലെക്കൊഴുകുകയും ഏതാണ്ടെല്ലാ കച്ചവട സ്ഥാപനങ്ങള്‍ക്കും പുത്തനുണര്‍വ്വ് ലഭിക്കുകയും ചെയ്യും.. ദോഫര്‍ മുന്‍സിപ്പാലിറ്റിയുടെ മേല്‍നോട്ടത്തില്‍ രണ്ടു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ വൈവിധ്യ മാര്‍ന്ന പരിപാടികളോടെ നടത്തപ്പെടുകയും ചെയ്യും. ഇപ്രാവശ്യം റമളാന്‍ വന്നെതിയതിനാല്‍ ജൂലൈ മാസത്തില്‍ മാത്രമാണ് ഫെസ്റിവല്‍ നടന്നത്. എന്നാല്‍ ഈ ജൂലൈ മാസത്തില്‍ മാത്രം പതിനഞ്ച് ലക്ഷത്തിലധികം ടൂറിസ്റ്റുകള്‍ ആണ് സലാല സന്ദര്‍ശിച്ചത്. റമളാന്‍ എത്തിയതോടെ ടൂറിസ്റ്റുകളുടെ ഒഴുക്ക് കുറഞ്ഞെങ്കിലും പെരുന്നാളിണ്ടേ ഒഴിവു ദിനങ്ങള്‍ ആസ്വദിക്കാന്‍ വലിയതോതില്‍ സഞ്ചാരികള്‍ വന്നെത്തും. പ്രത്യേകിച്ചും ഗള്‍ഫില്‍ നിന്നുള്ളവര്‍. സലാലയിലെ പ്രവാസികള്‍ മലയാളികള്‍ വിശേഷിച്ചും പെരുന്നാള്‍ ഒഴിവുദിനങ്ങള്‍ മസ്കറ്റ് യു.എ.ഇ. സന്ദര്‍ശനത്തിനാണ് ഉപയോഗപ്പെടുതാരുള്ളത്ത്. എന്നാല്‍ ഇപ്പ്രാവശ്യം പലര്‍ക്കും യാത്ര ഒഴിവാക്കേണ്ടി വന്നു. അടുത്ത ബന്ധുക്കളും കൂട്ടുകാരും സലാലയിലെക് ഒഴുകുന്നതിനാല്‍. സലാല വന്നു പോവുന്നവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത് അനുഭവങ്ങള്‍ നല്‍കാന്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഒട്ടേറെ സ്ഥലങ്ങളുണ്ടിവിടെ. ദര്ബാത്ത്, ഐന്‍ രസാത്ത്, ഐന്‍ ഹമ്രാന്‍, ഐന്‍ ശഹല്‍നൂത്, ഐന്‍ ഗിര്സീസ്, എന്നിവിടങ്ങളിലെ നീരുരവയാല്‍ സമ്പന്നമായ അരുവികളും, മുഖ്സൈല്‍, രയ്സൂത്, മിര്ബാത്ത്, കടല്‍ കരകളും താഖ, അല്ബലീദ്, നബി അയ്യൂബ് ജബല്‍.. തുടങ്ങിയവയും ഏവരെയും ആകര്‍ഷിക്കും. വിശുദ്ധ ഖുര്‍'ആനില്‍ 'തൂണുകളുടെ ഉടമകള്‍'(സൂറ ഫജര്‍ ) എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ് സമുദായതിണ്ടേ കെട്ടിടാവശിഷ്ടങ്ങള്‍ സലാലയില്‍ നിന്നും 160 കി.മി. അകലെയുള്ള ഉബാര്‍ എന്ന സ്ഥലത്താണെന്നു ചരിത്രകാരന്മാര്‍ പറയുന്നു..
കേരളവുമായി സലാലക്കുള്ള ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കച്ചവടാവശ്യാര്‍ത്ഥം കോഴിക്കൊടെക്കും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സലാലയില്‍ നിന്നും നിരന്തരം യാത്രയുണ്ടായിരുന്നു. പണ്ട് മുതലേ കൊണ്ടും കൊടുത്തുമുള്ള സൗഹാര്‍ദ്ദത്തനലിലാണ് മലയാളികള്‍ ഇവിടെ അധിവസിക്കുന്നത്. അതിനുമപ്പുറം കേരളവുമായുള്ള ബന്ധത്തിന് കരുത്തു പകരുന്ന ഒരു ചരിത്രവുമുണ്ട്. ചേരമാന്‍ പെരുമാള്‍ എന്ന കേരളീയ ഭരണാധികാരി പ്രവാചകനെക്കുറിച്ച സന്ദേശം കേട്ടറിഞ്ഞു അധികാരം വിട്ടൊഴിഞ്ഞു മക്കത്തു പോവുകയും ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചു പോവുന്ന വഴി ദോഫാര്‍ പ്രവിശ്യയുടെ ഭാഗമായ സലാലയില്‍ വെച്ച് മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിണ്ടെ ഖബര്‍ ഇവിടെ സ്ഥിതിചെയ്യുന്നു. കൊച്ചു കേരളം എന്ന വിശേഷണത്തിന് തികച്ചും അര്‍ഹമായ സലാല തെങ്ങും വാഴയും പപ്പായയും...കൊണ്ട് സമ്പന്നമാണ്. വഴിയോരത്ത് തെങ്ങുകൊണ്ട് സ്ഥാപിച്ച ഇളനീര്‍ കടകള്‍ കൌതുകം നല്‍കുന്നവയാണ്. വ്യത്യസ്ത മത വിശ്വാസികളും വീക്ഷണ വ്യത്യാസമുല്ലവരുമായ മലയാളികളില്‍ പ്രത്യേകിച്ചും ഇവിടെ കാണാന്‍ കഴിയുന്ന സ്നേഹവും സൌഹാര്‍ദ്ദവും എടുത്തു പറയേണ്ടതാണ്. സൌഹാര്‍ദ്ദത്തിനു ശക്തിപകരാന്‍ സലാലയിലെ കെ.എം.സി.സി. നടത്തി വരാറുള്ള ആയിരങ്ങള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ സംഗമവും ഈദ് സംഗമവും ഏറെ പ്രശംസിക്കപ്പെട്ടതാണ്.
റമളാന്‍ കഴിഞ്ഞു ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ അത് അനുഭവ വേദ്യമാക്കാന്‍ വന്നെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ സലാല പച്ചപ്പട്ടണിഞ്ഞു കാത്തിരിക്കുകയാണ്. നാണത്തില്‍ ചാലിച്ച ചെറു പുഞ്ചിരിയോടെ.

4/28/2011

നാല്‍പ്പത് കോടിമുതല്‍ നാല്‍പ്പതിനായിരം കോടി വരെ

മനുഷ്യ മനസ്സുകളെ വിമലീകരിക്കാനുള്ളതാണ് ദൈവ വിശ്വാസം .. അവനിലെ ഗുണകരമല്ലാത്ത വശങ്ങളെ ചങ്ങലക്കിട്ട് സ്വഭാവത്തിന്ടെ, സ്നേഹത്തിന്ടെ ഏറ്റവും ഉദാത്ത മാതൃക കളായി തീരണം മത വിശ്വാസികള്‍ ..എല്ലാം തനിക്കുവേണ്ടി എന്നല്ല തന്ടെതും മറ്റുള്ളവര്‍ക്ക് വേണ്ടി എന്നതാവണം അവനെ സ്വാധീനിക്കേണ്ടത്. ഇത് സ്വാംശീകരിച്ച ജനപദങ്ങളും തലമുറയും ഉണ്ടായിട്ടുണ്ട് എന്നതിനാല്‍ തന്നെ അപ്രായോഗികം എന്ന് പറഞ്ഞു തള്ളാന്‍ കഴിയില്ല ഈ സ്വഭാവ സവിശേഷതകളെ.
പക്ഷെ, എപ്പോഴും എല്ലാവര്ക്കും അതിനു കഴിയണമെന്നില്ല.. കഴിഞ്ഞിട്ടില്ല എന്ന് പറയുന്നതാവും ശരി. നന്മയെ അതിജയിക്കുന്ന തിന്മകളുടെ ബാഹുല്യം തന്നെയാണെവിടെയും കണ്ടുകൊണ്ടിരിക്കുന്നത് എന്നതിനാല്‍ ഒരു വിശദീകരനത്തിണ്ടേ ആവശ്യം തന്നെ വരുന്നില്ല. മതവും ദൈവവിശ്വാസവും കൂടി ഭാവപ്പകര്‍ച്ചയുടെ ഉദാഹരണങ്ങളായി നമുക്ക് ചുറ്റും നൃത്ത മാടുകയാണല്ലോ.
കുറച്ചു നാള്‍ മുമ്പ് വരെ ജീവിക്കാന്‍ വേണ്ടിമാത്രമായിരുന്നു നമ്മില്‍ ചിലര്‍ മതസത്തയെ ചിലപ്പോഴെങ്കിലും മറച്ചു പിടിച്ചിരുന്നത്... മതം പറഞ്ഞു കിട്ടുന്ന നാണയത്തുട്ടുകള്‍ അവര്‍ക്കും കുടുംബത്തിനും മതിയാകാതെ വന്നപ്പോള്‍ മാത്രം... പിന്നെ പിന്നെ ആവശ്യങ്ങള്‍ കൂടിവരുന്നതനുസരിച് വരുമാനത്തിനായ് വിശ്വാസാചാരങ്ങളെ വികൃതമാക്കികൊണ്ടിരുന്നു അവര്‍... അതവസാനം എത്തിനില്‍ക്കുന്നത് കോടികളുടെ കണക്കുകളില്‍... ഇത് താങ്ങാന്‍ മാത്രം കരുത്തില്ലാതെ അന്താളിച്ചുനില്‍ക്കുകയാണ്.. അനുയായിവൃന്തം.
കഴിഞ്ഞ ദിവസം മരണപ്പെട്ട - അതെ തികച്ചും മരണപ്പെട്ട - ആള്‍ ദൈവമെന്നു സ്വയം വിശേഷിപ്പിച്ച സായി ബാബയുടെ ആസ്തി നാല്‍പതിനായിരം കോടി !!!!. എവിടുന്നയിരുന്നു ഇതിന്ടെ ഉറവിടം.. അദ്ദേഹം സ്ഥാപിച്ച ചികില്സാലയങ്ങളില്‍നിന്നോ ദര്‍മ്മ സ്ഥാപനങ്ങളില്‍ നിന്നോ അല്ല.. അവയൊക്കെയും സൌജന്യമായിരുന്നല്ലോ. പിന്നെ, ദൈവമായ തനിക്ക് ലഭിച്ച കാണിക്കകള്‍... അതായിരുന്നു വരുമാന ഉറവിടം... അതുകൊണ്ടുതന്നെ ജീവകാരുണ്യ സേവന ദൌത്യങ്ങള്‍ എത്ര ചെയ്താലും കളവും ചൂഷണവും തന്നെയാണ് അടിത്തറ എന്നതിനാല്‍ സത്യസന്ധതയും ആത്മാര്‍ഥതയും ദൈവവിശ്വാസവുമുള്ള നല്ല മനസ്സുകള്‍ക്ക് അതിനു സ്തുതിപാടാന്‍ കഴിയില്ല. അവസാനം സ്വയം ദൈവമായി ചമഞ്ഞ അയാള്‍ ഞാന്‍ ദൈവമേ അല്ല എന്ന സന്ദേശം നല്‍കിയാണ്‌ മരിച്ചു വിണത്. (രണ്ടായിരത്തി ഇരുപതിരണ്ടിലെ താന്‍ മരണപ്പെടുകയുള്ളൂ എന്ന പ്രഖ്യാപനം തകര്ന്നുപോയല്ലോ ) . നാല്‍പതിനായിരം കോടിയുടെ അനന്തിരവന്‍ നമുക്കുമുണ്ട്.. സ്വയം ദൈവമാണെന്ന് പ്രഖ്യാപിക്കാണോ അവതാരമാകാണോ കഴിയില്ലെന്നതിനാല്‍ കുറുക്കു വഴിയിലുടെ അവതാരമാകുകയാണ് ഈ അനന്തിരവന്‍. നാല്പതുകോടി കൊണ്ടൊരു പള്ളി, അവിടെ സ്ഥാപിക്കാന്‍ പ്രവാചക കേശമെന്ന വിഗ്രഹം.. "പ്രവാചകനെ കാണുന്നതിനുള്ള ടിക്കറ്റ് വിതരണക്കാരന്‍ " കുടിയാണ് ഇയാള്‍ എന്നിരിക്കെ സംഗതി എളുപ്പം. കോടികള്‍ കൊണ്ട് കളിച്ചാലേ ഇന്ന് വിശ്വാസത്തിനു ബലം കിട്ടു എന്നിരിക്കെ "ഞമ്മള"ല്ലാതെ പിന്നെ ആരുണ്ട് ഇക്കളിക്ക്. ദൈവവും മതവും കൊണ്ട് ആകാവുന്നത്രവും സമ്പത്ത് ഉണ്ടാക്കി അതിനിടയില്‍ വിരാജിച് 'സമാധി' യാവോളം പറന്നു കളിച്ചും അതിനു ശേഷം ഒരു വന്‍ ജാറമായ് ഉയര്‍ന്നും 'ജീവിക്കാനുള്ള' കൊതി. ജീവിതത്തോടുള്ള അലച്ച ഒന്ന് കൊണ്ട് മാത്രമാണ് ഈ 'മുടി'യനയ പുത്രന്‍ ഇക്കളി കളിക്കുന്നത്..
അത് തിരിച്ചറിഞ്ഞവര്‍ സ്വപ്നം കാണാന്‍ അനുവദിക്കാത്ത വിധം ഉറക്കം കെടുത്തി ക്കൊണ്ടിരിക്കുക തന്നെ ചെയ്യും.
എന്നിട്ടും നാല്പതിന്ടെ ഗുണന പ്പട്ടികകൊണ്ടുതന്നെ സമുഹത്തെ അമ്മാനമാടണമെന്നു ഈ ആള്‍ ദൈവങ്ങള്‍ തീരുമാനിക്കുന്നതെണ്ടുകൊണ്ട് പിടികിട്ടുന്നേയില്ല !!!