8/30/2011

മഴയുടെ തലോടലില്‍ സലാല

മഴയുടെ തലോടലില്‍ സലാല: പെരുന്നാള്‍ കുളിരണിയിക്കും

ഗള്‍ഫ്‌ നാടുകള്‍ ചൂടില്‍ എരിപൊരി കൊള്ളുമ്പോള്‍ ഇങ്ങ് സലാല മഴക്കുളിരിലാണ്. രണ്ടു മാസത്തിലധികമായി പെയ്തുകൊണ്ടിരിക്കുന്ന മഴ ഇനി പെരുന്നാള്‍ കഴിഞ്ഞേ വിടപറയൂ.. അനുഗ്രഹമാസമായ റമളാന്‍ ധന്യമാക്കാന്‍ കൂട്ടിനു അനുഗ്രഹ മഴയും.. സലാല ഒരു മണവാട്ടിയായി പുഞ്ചിരിതൂകി നില്‍ക്കുന്നു. പ്രസസ്തമാണ് സലാലയിലെ ഖരീഫ്. ജൂലൈ ആഗസ്റ്റ്‌ മാസങ്ങള്‍ ആഘോഷമാസങ്ങലാണ് ഇവിടെ. ടൂറിസ്റ്റുകള്‍ സലാലയിലെക്കൊഴുകുകയും ഏതാണ്ടെല്ലാ കച്ചവട സ്ഥാപനങ്ങള്‍ക്കും പുത്തനുണര്‍വ്വ് ലഭിക്കുകയും ചെയ്യും.. ദോഫര്‍ മുന്‍സിപ്പാലിറ്റിയുടെ മേല്‍നോട്ടത്തില്‍ രണ്ടു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ വൈവിധ്യ മാര്‍ന്ന പരിപാടികളോടെ നടത്തപ്പെടുകയും ചെയ്യും. ഇപ്രാവശ്യം റമളാന്‍ വന്നെതിയതിനാല്‍ ജൂലൈ മാസത്തില്‍ മാത്രമാണ് ഫെസ്റിവല്‍ നടന്നത്. എന്നാല്‍ ഈ ജൂലൈ മാസത്തില്‍ മാത്രം പതിനഞ്ച് ലക്ഷത്തിലധികം ടൂറിസ്റ്റുകള്‍ ആണ് സലാല സന്ദര്‍ശിച്ചത്. റമളാന്‍ എത്തിയതോടെ ടൂറിസ്റ്റുകളുടെ ഒഴുക്ക് കുറഞ്ഞെങ്കിലും പെരുന്നാളിണ്ടേ ഒഴിവു ദിനങ്ങള്‍ ആസ്വദിക്കാന്‍ വലിയതോതില്‍ സഞ്ചാരികള്‍ വന്നെത്തും. പ്രത്യേകിച്ചും ഗള്‍ഫില്‍ നിന്നുള്ളവര്‍. സലാലയിലെ പ്രവാസികള്‍ മലയാളികള്‍ വിശേഷിച്ചും പെരുന്നാള്‍ ഒഴിവുദിനങ്ങള്‍ മസ്കറ്റ് യു.എ.ഇ. സന്ദര്‍ശനത്തിനാണ് ഉപയോഗപ്പെടുതാരുള്ളത്ത്. എന്നാല്‍ ഇപ്പ്രാവശ്യം പലര്‍ക്കും യാത്ര ഒഴിവാക്കേണ്ടി വന്നു. അടുത്ത ബന്ധുക്കളും കൂട്ടുകാരും സലാലയിലെക് ഒഴുകുന്നതിനാല്‍. സലാല വന്നു പോവുന്നവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത് അനുഭവങ്ങള്‍ നല്‍കാന്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഒട്ടേറെ സ്ഥലങ്ങളുണ്ടിവിടെ. ദര്ബാത്ത്, ഐന്‍ രസാത്ത്, ഐന്‍ ഹമ്രാന്‍, ഐന്‍ ശഹല്‍നൂത്, ഐന്‍ ഗിര്സീസ്, എന്നിവിടങ്ങളിലെ നീരുരവയാല്‍ സമ്പന്നമായ അരുവികളും, മുഖ്സൈല്‍, രയ്സൂത്, മിര്ബാത്ത്, കടല്‍ കരകളും താഖ, അല്ബലീദ്, നബി അയ്യൂബ് ജബല്‍.. തുടങ്ങിയവയും ഏവരെയും ആകര്‍ഷിക്കും. വിശുദ്ധ ഖുര്‍'ആനില്‍ 'തൂണുകളുടെ ഉടമകള്‍'(സൂറ ഫജര്‍ ) എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ് സമുദായതിണ്ടേ കെട്ടിടാവശിഷ്ടങ്ങള്‍ സലാലയില്‍ നിന്നും 160 കി.മി. അകലെയുള്ള ഉബാര്‍ എന്ന സ്ഥലത്താണെന്നു ചരിത്രകാരന്മാര്‍ പറയുന്നു..
കേരളവുമായി സലാലക്കുള്ള ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കച്ചവടാവശ്യാര്‍ത്ഥം കോഴിക്കൊടെക്കും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സലാലയില്‍ നിന്നും നിരന്തരം യാത്രയുണ്ടായിരുന്നു. പണ്ട് മുതലേ കൊണ്ടും കൊടുത്തുമുള്ള സൗഹാര്‍ദ്ദത്തനലിലാണ് മലയാളികള്‍ ഇവിടെ അധിവസിക്കുന്നത്. അതിനുമപ്പുറം കേരളവുമായുള്ള ബന്ധത്തിന് കരുത്തു പകരുന്ന ഒരു ചരിത്രവുമുണ്ട്. ചേരമാന്‍ പെരുമാള്‍ എന്ന കേരളീയ ഭരണാധികാരി പ്രവാചകനെക്കുറിച്ച സന്ദേശം കേട്ടറിഞ്ഞു അധികാരം വിട്ടൊഴിഞ്ഞു മക്കത്തു പോവുകയും ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചു പോവുന്ന വഴി ദോഫാര്‍ പ്രവിശ്യയുടെ ഭാഗമായ സലാലയില്‍ വെച്ച് മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിണ്ടെ ഖബര്‍ ഇവിടെ സ്ഥിതിചെയ്യുന്നു. കൊച്ചു കേരളം എന്ന വിശേഷണത്തിന് തികച്ചും അര്‍ഹമായ സലാല തെങ്ങും വാഴയും പപ്പായയും...കൊണ്ട് സമ്പന്നമാണ്. വഴിയോരത്ത് തെങ്ങുകൊണ്ട് സ്ഥാപിച്ച ഇളനീര്‍ കടകള്‍ കൌതുകം നല്‍കുന്നവയാണ്. വ്യത്യസ്ത മത വിശ്വാസികളും വീക്ഷണ വ്യത്യാസമുല്ലവരുമായ മലയാളികളില്‍ പ്രത്യേകിച്ചും ഇവിടെ കാണാന്‍ കഴിയുന്ന സ്നേഹവും സൌഹാര്‍ദ്ദവും എടുത്തു പറയേണ്ടതാണ്. സൌഹാര്‍ദ്ദത്തിനു ശക്തിപകരാന്‍ സലാലയിലെ കെ.എം.സി.സി. നടത്തി വരാറുള്ള ആയിരങ്ങള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ സംഗമവും ഈദ് സംഗമവും ഏറെ പ്രശംസിക്കപ്പെട്ടതാണ്.
റമളാന്‍ കഴിഞ്ഞു ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ അത് അനുഭവ വേദ്യമാക്കാന്‍ വന്നെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ സലാല പച്ചപ്പട്ടണിഞ്ഞു കാത്തിരിക്കുകയാണ്. നാണത്തില്‍ ചാലിച്ച ചെറു പുഞ്ചിരിയോടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ